പ്രാദേശിക ചരിത്രം
മുട്ടം പഞ്ചായത്ത് ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പരപ്പന്‍ തോടിനു വടക്കു മുതല്‍ കാളിയാര്‍ വരെ വടക്കുംകൂര്‍ കടനാട്ടില്‍ തമ്പുരാന്റെ അധീനതയിലായിരുന്നു. വടക്കുംമന തമ്പുരാന്‍, കിടങ്ങൂര്‍ ദേവസ്വം, കരിങ്ങനം പള്ളി സ്വരൂപം, കിഴക്കുഭാഗത്ത് നമ്പൂതിരി, കാടമറുക് നമ്പൂതിരി എന്നിവര്‍ക്ക് വടക്കുംകൂര്‍ രാജാവ് കരം ഒഴിവാക്കി ഭൂമി നല്‍കുകയുണ്ടായി. എന്നാല്‍ കാടമറുക് നമ്പൂതിരിയുടെ സ്ഥലം ഒഴികെ മറ്റുള്ളവരുടെ സ്ഥലങ്ങള്‍ കാലക്രമേണ രാജാവ് തിരികെ എടുക്കുകയും അത് ചില ഇടപ്രഭുക്കന്മാരെ ഏല്‍പ്പിക്കുകയും ചെയ്തു. 1910-ല്‍ മലങ്കര എസ്റ്റേറ്റ് കോട്ടയത്തു നിന്നും വന്ന മാര്‍ത്തോമ്മ സഭക്കാര്‍ കാടമറുക് നമ്പൂതിരിയില്‍ നിന്നും വാങ്ങിച്ചു. ജോണ്‍ എന്നയാളാണ് വനം വെട്ടി ഇവിടെ റബ്ബര്‍ കൃഷി ചെയ്തത്. എസ്റ്റേറ്റിന്റെ ആദ്യത്തെ സൂപ്രണ്ട് ദാവീദ് എന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ജോണ്‍ നായാട്ടില്‍ കമ്പമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ വഴികാട്ടി കൊലുമ്പന്‍ എന്ന ഊരാളിയായിരുന്നു. ഇടുക്കിയില്‍ കുറവന്‍, കുറത്തി മലകളും അവയുടെ താഴ്വരകളില്‍ കൂടി ഒഴുകുന്ന പെരിയാറും കണ്ട അദ്ദേഹം മലകളെ തമ്മില്‍ അണകെട്ടി യോജിപ്പിച്ചാല്‍ വെള്ളം തടഞ്ഞു നിര്‍ത്തി വൈദ്യുതി ഉണ്ടാക്കാമെന്ന് മനസ്സിലാക്കി. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളാണ് ഇന്നത്തെ ഇടുക്കി പദ്ധതിക്കു കാരണം. മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍മാപ്പിള, മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത, മാനേജര്‍ പി.ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ എസ്റ്റേറ്റിന് മലങ്കര എന്നു പേരിട്ടത്. എസ്റ്റേറ്റുകാര്‍ 1913-ല്‍ തൊടുപുഴ നിന്നും മലങ്കര വരെയും 1924-ല്‍ മലങ്കര മുതല്‍ മുട്ടം വരെയും 1925-ല്‍ മുട്ടം മുതല്‍ കാഞ്ഞാര്‍ വരെയും റോഡു വെട്ടിത്തുറന്നു. 1927-ല്‍ മുട്ടം വഴി ബസുകള്‍ ഓടുവാന്‍ തുടങ്ങി. തൊഴുത്തുംവയലില്‍കാരുടേതായിരുന്നു ആദ്യത്തെ ബസ് എന്ന് പറയപ്പെടുന്നു.
സാംസ്കാരിക ചരിത്രം
കടമനാട്ടില്‍ തമ്പുരാന്റെ മന്ത്രിയായിരുന്ന ചാലപ്പാട്ട് കൈമള്‍ തുടങ്ങനാട്ടില്‍ കോട്ടയ്ക്കകം എന്ന സ്ഥലത്ത് കൊട്ടാരം പണിത് താമസിച്ചിരുന്നു. ഈ പ്രദേശം കോട്ടയ്ക്കകം എന്നറിയപ്പെടുന്നു. പന്നികുന്നില്‍ “നനയാംപടി” കല്ല് എന്ന സ്ഥലം കാണാം. ഈ കല്ലിനടിയില്‍ മഴ നനയാതെ പത്തിരുപത് പേര്‍ക്ക് ഇരിക്കുവാനും കിടക്കുവാനും സൌകര്യമുണ്ടായിരുന്നതിനാലാണ് ഈ കല്ലിന് നനയാംപടി കല്ല് എന്നു പേരു കിട്ടിയത്. ഉരുക്കു കമ്പി കല്ലില്‍ ഉരച്ച് പഞ്ഞിയില്‍ തീ വീഴ്ത്തുകയും വീണ്ടും പുല്ലില്‍ കത്തിച്ചുമാണ് തീ കത്തിച്ചിരുന്നത്. മരോട്ടിക്കുരു, ഓടത്തിന്‍കായ ഇവ ഉണക്കിച്ചതച്ച് പിഴിഞ്ഞെടുക്കുന്ന എണ്ണയില്‍ തിരിയിട്ടാണ് വെളിച്ചം കണ്ടിരുന്നത്. ആദ്യ കാലഘട്ടത്തില്‍ ആ പ്രദേശത്തുള്ളവര്‍ ഒരുമിച്ച് സ്ത്രീകളടക്കം കൃഷിപ്പണിക്ക് പോയിരുന്നു. വിത്തു വിതക്കുമ്പോഴും കിളയ്ക്കുമ്പോഴും പാടത്തു പണിയുമ്പോഴും തുടികൊട്ടും പാട്ടും ഉണ്ടായിരുന്നു. വൈകിട്ട് പണി കഴിഞ്ഞതിനു ശേഷം സ്ത്രീകളുടെ “മുടിയാട്ടം” ഉണ്ടായിരുന്നു. മുടിയാട്ടം നടത്തിയിരുന്ന സ്ത്രീകള്‍ക്ക് പ്രതിഫലമായി ഒരു ഇടങ്ങഴി നെല്ലു കൊടുത്തിരുന്നു. പുരുഷന്‍മാര്‍ക്ക് രണ്ടിടങ്ങഴി നെല്ലും ഒരിടങ്ങഴി നെല്ലുമായിരുന്നു കൂലി. ഉത്പ്പന്നങ്ങള്‍ തലച്ചുമടായി പാലായില്‍ കൊണ്ടുപോയി വിറ്റിരുന്നു. തൊടുപുഴയില്‍ അന്ന് കച്ചവടമില്ലായിരുന്നു. 1916-1917 കാലഘട്ടത്തില്‍ കാരിക്കോട് നിന്നും മുട്ടം വഴി ഈരാറ്റുപേട്ട വരെ രാജാവ് മൂന്നടിപ്പാത വെട്ടി. മുട്ടത്തുനിന്നും കരിങ്കുന്നം വരെ നടപ്പാത ഉണ്ടാക്കി. തുടങ്ങനാട്ട് നിന്നും പന്നികുന്ന് കയറി കല്ലടപ്പൂത-കടനാട് നടപ്പുപാത പണിയിച്ചു. പാലാ വരെ കൊപ്ര ചുമന്ന് അവിടെ നിന്ന് വള്ളത്തില്‍ ആലപ്പുഴയില്‍ എത്തിച്ചാണ് വിറ്റിരുന്നത്.
വിദ്യാഭ്യാസ ചരിത്രം
1900-ാം ആണ്ടു കാലത്ത് ആശാന്‍മാര്‍ നിലത്തെഴുത്ത് പഠിപ്പിച്ചിരുന്നു. കരിമ്പന ഓലയില്‍ നാരായം കൊണ്ട് അക്ഷരം എഴുതിക്കൊടുത്തും അരിച്ചെടുത്ത പൂഴി മണലില്‍ ചൂണ്ടുവിരല്‍ കൊണ്ടും എഴുതിയാണ് ആശാന്‍കളരിയില്‍ പഠിപ്പിച്ചിരുന്നത്. 1926-ല്‍ തുടങ്ങനാട്ടില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1929-ല്‍ മേലുകാവില്‍ സി.എസ്.ഐ പള്ളിവക മലയാളം മിഡില്‍ സ്കൂള്‍ (7-ാം ക്ളാസ്സ്) തുടങ്ങി. തുടങ്ങനാട്ടു നിന്നും ചില കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കാന്‍ പോയി. കത്തോലിക്കാ കുട്ടികള്‍ക്ക് പഠിക്കാന്‍ ഫീസ് കൊടുക്കണമായിരുന്നു. 7-ാം ക്ളാസ്സ് പാസ്സായാല്‍ അന്ന് പ്രൈമറി സ്കൂളില്‍ പഠിപ്പിക്കുവാനുള്ള യോഗ്യതയായി അംഗീകരിച്ചിരുന്നു. സ്കൂളില്‍ പോകുന്ന ആണ്‍കുട്ടികള്‍ ഒറ്റമുണ്ടും പെണ്‍കുട്ടികള്‍ മുണ്ടും ചട്ടയും ഹിന്ദു പെണ്‍കുട്ടികള്‍ മുണ്ടും റൌക്കയും ഉപയോഗിച്ചിരുന്നു. കുടപ്പന ഓല, വാഴയില, ഓലക്കുട ഇവയാണ് മഴ നനയാതെ ചൂടാന്‍ കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. തൊടുപുഴയില്‍ ഗവ.മിഡില്‍ സ്കൂളും ഹൈസ്കൂളും ഉണ്ടായപ്പോള്‍ നടന്നാണ് എല്ലാവരും സ്കൂളില്‍ പോയിരുന്നത്. തുടങ്ങനാട് പള്ളിയിലെ വികാരിയായിരുന്ന ഫാ.കുര്യന്‍ കാരിശ്ശേരില്‍ 1931-ല്‍ തുടങ്ങനാട്ടില്‍ ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു. മുട്ടം-കരിങ്കുന്നം റോഡും വിച്ചാട്ടുകവല നീലൂര്‍ റോഡും പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് വെട്ടിത്തുറന്നത്. തുടങ്ങനാട്ട് മുതല്‍ കിഴക്കോട്ടുള്ള കുടിയേറ്റത്തിന്റെ തുടക്കം തുടങ്ങനാട്ടില്‍ ആരംഭിച്ചതിനാലാണ് ഈ പ്രദേശത്തിന് തുടങ്ങനാട് എന്ന പേര് കിട്ടിയത്. എല്ലാ വീടുകളിലും അടുപ്പിനു മുകളില്‍ നാലടി ഉയരത്തില്‍ “ചേര്” ഉണ്ടാക്കിയിരുന്നു. തീപ്പെട്ടി, മണ്ണെണ്ണ എന്നിവയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാത്ത അക്കാലത്ത് വീടുകളില്‍ അണപ്പും, കല്ലും ഉണ്ടായിരുന്നു. അണപ്പില്‍ വെള്ളാരംകല്ലുകൊണ്ടു മുട്ടി തീപ്പൊരി പഞ്ഞിയില്‍ വീഴ്ത്തി തീ കത്തിച്ചിരുന്നു.